ജ്യോതിഷത്തിലെ ഛായ ഗ്രഹവും ആസുര സ്വഭാവത്തിനുടമയുമാണ് രാഹു. ഭൗമീകമായ ഏതു കാര്യവും നേടിയെടുക്കാൻ വളരെ അധികം തീക്ഷണത കാണിക്കുന്ന ഒരു ഗ്രഹം കൂടിയാണ് രാഹു. അസ്വാഭാവികമായി ചിന്തിക്കുക, പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുക അല്ലെങ്കിൽ അതിലെ അപാകതകളെ പുറത്തു കൊണ്ട് വരിക എന്നിവ രാഹുവിന്റെ ചില സ്വഭാവ വിശേങ്ങളാണ്. അശുഭ ഗ്രഹങ്ങളിൽ വച്ച് വളരെ വിചിത്ര സ്വഭാവങ്ങളുള്ള ഈ ഗ്രഹം ചിലരുടെ ജീവിതത്തിൽ വളരെ അനുകൂലമായ ലൗകീക നേട്ടങ്ങളും മറ്റു ചിലർക്ക് അപകടം, രോഗാരിഷ്ടകൾ, തടസ്സങ്ങൾ എന്നിവയും കൊണ്ട് വരുന്നതായി കാണാം. മറ്റേതു ഗ്രഹങ്ങളെയും പോലെ ജന്മ കുണ്ഡലിയിലെ രാഹുവിന്റെ സ്ഥിതി ഈ കാര്യങ്ങളിൽ പ്രധാനമാണ്. രാശി ചക്രത്തിൽ എല്ലായ്പോഴും 180 ഡിഗ്രി വ്യത്യാസത്തിൽ സ്ഥിതി ചെയ്യുന്ന രാഹുവും കേതുവും വക്രിച്ചു സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ്. ഛായ ഗ്രഹമായതു കൊണ്ട് പ്രത്യേക രാശിയുടെ ആധിപത്യം ഈ ഗ്രഹങ്ങൾക്കില്ല എങ്കിലും പരാശര ശാസ്ത്രം അനുസരിച്ചു രാഹുവിനു കന്നി രാശി സ്വസ്ഥാനമായും, ഇടവം ഉച്ച രാശിയായും കരുതുന്ന ജ്യോതിഷികൾ ഉണ്ട്
ഞാൻ നേരത്തെ സൂചിപ്പിച്ചതു പോലെ രാഹു ഈ ലോക ജീവിതത്തിൽ ഭൗതീകമായ സുഖ സൗകര്യങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടി നില കൊള്ളുന്ന ഒരു ഗ്രഹമാണ്. ഈ കലിയുഗത്തിന്റെ നാഥനായി അറിയപ്പെടുന്ന കലി എന്ന അസുരനുമായി രാഹുവിനെ പല പുരാതന ജ്യോതിഷ ഗ്രന്ഥങ്ങളും സാമ്യപ്പെടുത്തുന്നുണ്ട്. ഈ കലിയുഗ ജീവിതത്തിൽ അതു കൊണ്ട് തന്നെ രാഹുവിനെ പൂർണമായും വിസ്മരിച്ചു ജീവിക്കുവാൻ ആത്മീയത അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി കൈവരിച്ച ഒരു വ്യക്തിക്കു മാത്രമേ സാധിക്കൂ.
രാഹു, രാശി ചക്രത്തിൽ ലഗ്നത്തിൽ, ആറിൽ അഥവാ പത്തിൽ സ്ഥിതി ചെയ്താൽ നല്ല ഫലങ്ങൾ കൊണ്ടു വരാറുണ്ട്. മായയുടെയും, മായികമായ ചിന്തകളുടെയും ഗ്രഹം കൂടിയായ രാഹു, മനുഷ്യ മനസിനെ നിയന്ത്രിക്കുന്ന ഗ്രഹമായ ചന്ദ്രന്റെ കൂടെ സ്ഥിതി ചെയ്താൽ നല്ല സര്ഗ്ഗശക്തിയുള്ള, സാങ്കല്പിക വാസനയുള്ള എഴുത്തുകാരനോ, കലാകാരനോ ആവാം. ശുക്രന്റെ ജാതകത്തിലെ സ്ഥിതി കൂടി ഇവിടെ പ്രധാനമാണ്.
കർമ്മാധിപനായ ശനിയുമായും, സുഖസൗകര്യങ്ങളെ പ്രതിനിധീകരിക്കുന്ന ശുക്രനുമായും രാഹുവിന്റെ സ്വഭാവത്തിനു ഏറെ കുറെ സാമ്യമുണ്ട്. രാഹു വ്യാഴവുമായി ചേർന്നു നിന്നാൽ ഗുരു ചണ്ഡാല യോഗം വരുന്നതായി കാണാം എന്നാൽ ഈ ആധുനിക കാലഘട്ടത്തിൽ ഈ യോഗം ദോഷം കൊണ്ടു വരാറില്ല മാത്രവുമല്ല രാഹുവിനു ഗുരുവിന്റെ ദൃഷ്ടി ഉള്ളത് രാഹു മൂലമുള്ള ദോഷ ഫലങ്ങൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
ഗ്രഹണത്തിലൂടെ മായികമായ അന്ധകാരം കൊണ്ടു വരുന്ന ഗ്രഹമാണ് രാഹു അതു കൊണ്ട് തന്നെ രാഹു കാലം എന്നറിയപ്പെടുന്ന രാഹുവിനു ആധിപത്യമുള്ള സമയങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ പുതുമയുള്ളതും, മംഗളകരമായതും അല്ലെങ്കിൽ അത് പോലെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനും വേണ്ടി തിരഞ്ഞെടുക്കരുത്. സൂര്യോദയം മുതൽ അസ്തമയം വരെയുള്ള 12 മണിക്കൂർ സമയത്തിന്റെ എട്ടിൽ ഒരു ഭാഗമായ 1.5 മണിക്കൂർ രാഹു കാലമായി കണക്കാക്കുന്നു. താഴെ കാണിച്ചിരിക്കുന്ന ചാർട്ട് പ്രകാരമാണ് രാഹു കാലം
തിങ്കളാഴ്ച | 7.30-9.00 AM |
ശനിയാഴ്ച | 9.00-10.30 AM |
വെള്ളിയാഴ്ച | 10.30-12.00 AM |
ബുധനാഴ്ച | 12.00-1.30 PM |
വ്യാഴാഴ്ച | 1.30-3.00 PM |
ചൊവ്വാഴ്ച | 3.00-4.30 PM |
ഞായറാഴ്ച | 4.30-6.00 PM |
