ഭാരതീയ ജ്യോതിഷത്തിൽ കേതു വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു ഗ്രഹമാണ്. നവ ഗ്രഹങ്ങളിൽ രാഹുവും കേതുവും ഛായാ ഗ്രഹങ്ങളായി (Shadow Planets) ആയി കണക്കാക്കുന്നു. അതുകൊണ്ടു തന്നെ ഈ രണ്ടു ഗ്രഹങ്ങൾക്കു ഏതെങ്കിലും രാശിയുടെ ആധിപത്യം ഇല്ല. ഇവരുടെ സ്വക്ഷേത്ര രാശിയുമായി ബന്ധപെട്ടു പല തർക്കങ്ങളും ആദ്യ കാലം മുതലേ നിലവിലുണ്ട്. ബ്രിഹത് പരാശര ഹോര ശാസ്ത്രം അനുസരിച്ചു വൃശ്ചികം കേതുവിന്റെ ഉച്ച രാശിയായും ധനു മൂലത്രികോണമായും, വൃശ്ചികം സ്വക്ഷേത്രമായും വിവരിക്കുന്നു. എന്നാൽ കേതുവിന്റെ സ്വക്ഷേത്രമായി മീനം രാശിയെയും, ഉച്ച രാശിയായി ധനു രാശിയെയും കണക്കാക്കുന്നവരും ഉണ്ട്.
പുരാണങ്ങൾ പ്രകാരം പാലാഴി മഥനം വഴി പുറത്തു വന്ന അമൃത് ഭക്ഷിക്കാനായി തൻ്റെ ഊഴം കാത്തു നില്കാതെ സ്വരബാനു എന്ന അസുരൻ ദേവന്റെ വേഷം സ്വീകരിച്ചു ദേവന്മാരുടെ ഇടയിൽ ചെന്നു നിന്നു കൊണ്ട് അമൃത് സേവിച്ചു. എന്നാൽ ഇത് മനസിലാക്കിയ സൂര്യനും ചന്ദ്രനും സ്വരബാനു വേഷപ്രച്ഛന്നനായ അസുരനാണെന്നു ഉറക്കെ വിളിച്ചു പറഞ്ഞു. തൽക്ഷണം മഹാ വിഷ്ണു തൻ്റെ സുദർശന ചക്രം ഉപയോഗിച്ച് സ്വരബാനുവിന്റെ ശിരച്ഛേദനം നടത്തി. അമൃത് പാനം ചെയ്തത് മൂലം അമരത്വം ലഭിച്ച സ്വരബാനു പക്ഷെ രാഹു എന്ന ഉടലില്ലാത്ത ശിരസായും കേതു എന്ന ശിരസില്ലാത്ത ഉടലായും നിലകൊണ്ടു. രാഹു അക്ഷമയുടെയും, ലൗകീക ആസക്തികളുടെയും, അത്യാഗ്രഹത്തിന്റെയും, പ്രതിരൂപകല്പനം (impersonation) എന്നിവയുടെ പ്രതീകമായപ്പോൾ കേതു കുറ്റബോധത്തിന്റെയും, ഒറ്റപെടലിന്റെയും, ആത്മീയ ജ്ഞാനത്തിന്റെയും, കടുത്ത ജീവിത പരീക്ഷണങ്ങളുടെയും പ്രതീകമായി. കണ്ണുകൾ ഉള്ള രാഹു ഈ ലോക മായാ സൗന്ദര്യം കണ്ടു ആകൃഷ്ടനായെങ്കിൽ കണ്ണുകൾ ഇല്ലാത്ത കേതു മായകളില്ലാത്ത യാഥാർഥ്യം മനസിലാക്കി.
പുരാണങ്ങൾ പ്രകാരം കലിയുഗം നിയന്ത്രിക്കുന്ന കലി എന്ന അസുരനെ രാഹുവുമായി താരതമ്യം ചെയ്യാവുന്നതാണ്. മതം, ദൈവം, ആത്മീയത എന്നിവയെ രാഷ്ത്രീയവത്കരിക്കയും കച്ചവട വസ്തുവാക്കുകയും ചെയ്യുന്ന ഈ കാലത്തു രാഹുവിന്റെ സ്വാധീനം വളരെ വലുതാണ്. എന്നാൽ യഥാർത്ഥ ആത്മീയതയും സത്യവും മറന്നുള്ള ഒരു മനുഷ്യന്റെ ജീവിതത്തിനു വളരെ വലിയ വെല്ലുവിളിയാണ് കേതു നൽകുന്നത്. ദൈവം എന്ന പരമമായ സത്യത്തിൽ നിന്നും മുഖം തിരിച്ചു നിൽക്കുകയോ മുഖം മൂടി ധരിച്ചു നിൽക്കുകയോ ചെയുന്നവർക്കു കേതു ദശ / അന്തർദശകൾ താങ്ങാനാവാത്ത ആഘാതങ്ങൾ സമ്മാനിക്കാറുണ്ട്. സത്യം, ആത്മീയത, ധർമ്മം എന്നിവയയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് കേതു. നൈസർഗിക ധർമ്മ ത്രികോണ ഭാവങ്ങളായ (1,5,9 ഭാവങ്ങൾ) മേടം, ചിങ്ങം, ധനു രാശികളിലെ ആദ്യ നക്ഷത്രങ്ങളായ അശ്വതി, മകം, മൂലം എന്നിവരുടെ നക്ഷത്രധിപൻ കേതുവാണ്. ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങൾ ഒഴികെ മറ്റെല്ലാ ജന്മ നക്ഷത്രങ്ങളും കേതുവിന്റെ മഹാദശ അനുഭവിക്കും. ബുദ്ധ മഹാദശക്ക് ശേഷവും ശുക്ര മഹാദശയ്ക്കു മുൻപുമാണ് കേതു മഹാദശ. 7 വർഷമാണ് കേതു മഹാദശയുടെ കാലം.
വ്യക്തികൾക്ക് പ്രത്യേകിച്ചും പുരുഷന്മാർക്ക് വളരെ കയ്പേറിയ അനുഭവങ്ങൾ നിറഞ്ഞതാവും കേതു മഹാ ദശ. തന്റെ ജീവിതത്തിന്റെ ഏതു ഘട്ടത്തിലാണ് കേതു ദശ വരുന്നത് എന്നതിന് അനുസരിച്ചു തങ്ങളുടെ ജീവിതത്തിൽ സമഗ്രമായ മാറ്റങ്ങൾ കേതുവിനു കൊണ്ടു വരുവാൻ സാധിക്കും. ഉദാഹരണത്തിനു പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങൾ തങ്ങളുടെ കേതു ദശ അനുഭവിക്കുന്നത് സാധാരണ 35 വയസിനു ശേഷമാണു. ഇത് പലപ്പോഴും വലിയ ആഘാതമാണ് ഇവരുടെ ജീവിത്തിൽ കൊണ്ട് വരുന്നത് കാരണം ഇവർ നല്ല പ്രായത്തിൽ ഉണ്ടാക്കിയ എല്ലാ സുഖ സൗകര്യങ്ങളും സൗഭാഗ്യങ്ങളും നഷ്ടപ്പെടുന്ന കാഴ്ചകളാണ് നമ്മൾ പലപ്പോഴും കാണേണ്ടി വരുന്നത്.
കേതു മഹാ ദശ അനുഭവിക്കുന്ന പലരും ജീവിത പരാജയങ്ങളിൽ പരിഭ്രാന്തി പൂണ്ട് ആശയക്കുഴപ്പത്തിൽ വന്നു പെടാറുണ്ട്. പല വിധ പരിഹാരങ്ങളും ചെയ്തു കാര്യമായ പുരോഗതിയൊന്നും കാണാതെ വീണ്ടും കഷ്ടനഷ്ടങ്ങളിൽ ചെന്നു പെടാറാണുള്ളത്. കേതു ഒന്നു മാത്രമേ നമ്മിൽ നിന്നും ആഗ്രഹിക്കുന്നുള്ളു അത് യഥാർത്ഥ ദൈവ ഭക്തിയാണ്. ഈ ഭൂമിയിലെ എന്തു തന്നെ എന്നിക്കു നഷ്ടപ്പെട്ടാലും എൻ്റെ ദൈവത്തെ ഞാൻ നഷ്ടപെടുത്തില്ല എന്ന ധൃഢ നിശ്ചയം. ഇതാണ് കേതു ദശയിൽ ചെയ്യാവുന്ന വലിയ കർമ്മം.
